കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും കണ്ണൂര്‍ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂര്‍ ശാഖയിലേക്ക് സ്ഥലംമാറ്റി. ഓര്‍ഡര്‍ ലഭിച്ച വ്യാഴാഴ്ചതന്നെ റിലീവ് ചെയ്യണമെന്നാണുത്തരവ്.
ഡെപ്യൂട്ടി മേയര്‍ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാന്‍ മാത്രമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
ഇതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവര്‍ഷംമുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.