കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്ക് ഗോ എയറിന്റെ ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയര്‍ വിമാനത്തിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വ്വീസ് ഒക്ടോബറില്‍ ആരംഭിക്കും.

സൗദി അറേബ്യ നഗരമായ ദമ്മാമിലേക്കാണ് ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നത്. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേയാണ് വ്യക്തമാക്കിയത്. അതേ സമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോയും അബുദാബിയിലേക്ക് ജെറ്റ് എയര്‍വേയ്‌സും സര്‍വ്വീസുകള്‍ ആരംഭിക്കും.

ഒക്ടോബര്‍ അവസാനത്തോട് കൂടിയുള്ള വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായിട്ടായിരിക്കും ഇവയെല്ലാം ആരംഭിക്കുന്നത്. എയര്‍ ഇന്ത്യ മല്‍സരാധിഷ്ടിതമാക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നുണ്ടെന്നും കടാശ്വാസം അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് മുന്‍പ് ധനമന്ത്രാലയവുമായി കൂടിയാലോചനകള്‍ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു. കടബാധ്യതയില്‍ ബുദ്ധിമുട്ടുന്ന എയര്‍ ഇന്ത്യക്ക് 11,000 കോടി രൂപയുടെ ധനസഹായം നല്‍കാനുള്ള ചര്‍ച്ചകള്‍ ധനമന്ത്രാലയവുമായി വ്യോമയാന മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മേഖലയിലെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top