കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടക്കുന്ന ഹര്‍ത്താലിനിടെ പരക്കെ അക്രമം.
സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ സമീപത്തെ ഫ്‌ളക്‌സ് ബോഡുകള്‍ അടിച്ചു തകര്‍ത്തു.
സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. കൂടുതല്‍ പോലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി ഐജി ദിനചന്ദ്ര കശ്യപ് അറിയിച്ചു.
അതിനിടെ തളിപ്പറമ്പില്‍ സിഐടിയു ഓഫീസിന് നേരെ ഒരു സംഘം ആക്രമണം നടത്തി. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കിയിട്ടുണ്ട്.