മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസുകള്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചു.
സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗോ എയര്‍ ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാന്‍ സര്‍വീസ് നടത്തുക. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മിഷന്‍ ചെയ്യുക.