കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍; കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി : കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

2016-17 വര്‍ഷം ഈ കോളജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പണം തിരിച്ചുനല്‍കാന്‍ മാനേജുമെന്റുകള്‍ തയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജി.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. എന്നാല്‍, ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സ് പുറത്തിറക്കി. സുപ്രിം കോടതി ഈ ഓര്‍ഡിനന്‍സും റദ്ദാക്കി.

സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top