കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി

sadasivam

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.

എന്നാല്‍ ഇന്നാണ് നിയമസെക്രട്ടറി രാജ്ഭവനിലെത്തി ബില്ല് കെെമാറിയത്. ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓർഡിനൻസ് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ ഗവർണർ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയയ്‌ക്കാനാണ് സാദ്ധ്യതയെന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന സൂചന. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഗവർണർ നിയമസെക്രട്ടറിയെ വിളിച്ചു വരുത്തിയത്.

ഞായറാഴ്ചയ്ക്കുള്ളിൽ ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓർഡിനൻസ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. ബിൽ നിയമവുമാവില്ല. സ്റ്റേചെയ്തിരിക്കുന്ന ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല. അതേസമയം, അടുത്ത മാസം സുപ്രീംകോടതിയിൽ കേസിന്റെ തുടർവാദം നടക്കാനിരിക്കെ, അതിന്റെ തീർപ്പ് വരുന്നതുവരെ ഗവർണർ കാത്തിരിക്കാനും സാധ്യതയുണ്ട്.

Top