തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസിന്റെ മനോവീര്യം തകര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
ഭരണത്തിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെ വെല്ലുവിളിക്കുന്ന ആക്രമണങ്ങളാണ് നടത്തുന്നത്. ഇതിന് ഉദാഹരണമാണ് കോട്ടയം പൊന്‍കുന്നത്ത് കണ്ടത്. അവിടെ ന്യായത്തിന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിച്ച പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
എന്നാല്‍ ഇതിന് വിപരീതമായ സ്ഥിതിയാണ് കണ്ണൂരില്‍ കാണാന്‍ സാധിക്കുന്നത്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പറയുന്നത് അനുസരിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം ആരോപിച്ചു.
കണ്ണൂരില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായപ്പോള്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം നിരപരാധിയായ സന്തോഷ് കുമാര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും കുമ്മനം കൂട്ടിച്ചേത്തു.