കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ വച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ഓട്ടോ ഡ്രൈവര്‍ കുട്ടിയെ നടു റോഡിലിട്ട് പൊതിരെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷാണ് കുട്ടിയെ തല്ലിയത്.

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച് നേരത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ച് മാറ്റിയത്. കൂടെ പഠിക്കുന്ന പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്ന് അടികിട്ടിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറയുന്നു.

കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു.

സംഭവത്തില്‍ പരാതി നല്‍കിയിട്ടും പാനൂര്‍ പൊലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് വേണോ പറഞ്ഞു തീര്‍ത്താല്‍ പോരെയെന്ന് പൊലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛന്‍ പറയുന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസിന്റെ ഈ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പ്രതികരിച്ചു.

 

Top