കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി അഞ്ച് അക്രമ സംഭവങ്ങളാണുണ്ടായത്.
തിങ്കളാഴ്ച രാത്രി കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ വെട്ടിയ സംഭവത്തിന് പിന്നാലെ ഇന്നലെയും ഇന്നുമായി കൂത്തുപറമ്പിലും തലശേരിയിലും തില്ലങ്കേരിയിലും അക്രമങ്ങള്‍ അരങ്ങേറി.
ചെറിയ ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അക്രമം പടരുന്നത് പൊതുജനത്തിന്റെ സമാധാനം ഇല്ലാതാക്കുകയാണ്. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചിറ്റാരിപ്പറമ്പിനടുത്ത് കണ്ണവം പൂഴിയോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വേട്ടേല്‍ക്കുകയായിരുന്നു.
പൂഴിയോട് ബ്രാഞ്ച് സെക്രട്ടറി പി. ശിവനെയാണ് (34) ഒരു സംഘം ഇരുമ്പുവടിയും കൊടുവാളുമായി ആക്രമിച്ചത്. ആറംഗ ബി.ജെ.പി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
ഇയാളെ തലശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
മട്ടന്നൂര്‍ തില്ലങ്കേരിയിലെ വേങ്ങരച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പത്ര എജന്റുമായ പി. ബാലന്‍ (60)ന് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ വെട്ടേറ്റത്. അക്രമം തടയുന്നതിനിടെ വേങ്ങരചാലിലെ ഷാജിക്ക് പരിക്കേറ്റതായും ഇയാളെ ഇരിട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്.
തില്ലങ്കേരിയിലെ ബന്ധുവിന്റെ മരണവീട്ടില്‍ നിന്ന് തിരികെ പോകുമ്പോഴായിരുന്നു ബാലന് കഴുത്തിന് വെട്ടേറ്റത്. ബാലനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ചിത്തിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരാണ് ആക്രമിച്ചതെന്നാണ് സി.പി.എ ആരോപിക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് തില്ലങ്കേരി പഞ്ചായത്തില്‍ ഇന്ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു . വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
തലശേരി ഇല്ലത്തുതാഴെ ചെട്ടിയാംകണ്ടിയില്‍ ഇന്നലെ രാത്രി എട്ടുമണിക്ക് ബി.ജെ.പി പ്രവര്‍ത്തകനായ രമേശന് നേരെ മുളക്‌പൊടി എറിഞ്ഞു ആക്രമിച്ചതായും പരാതിയുണ്ട്.
മണിക്കൂറുകളുടെ വ്യാത്യാസത്തില്‍ സി.പി.എം അനുഭാവിയായ മുളിയില്‍ നടയിലെ മൊട്ടേമ്മല്‍ ലീലയുടെ വീടിനു നേരെ ബോംബേറും ഉണ്ടായി. വരാന്തക്കു സമീപം ബോംബ് വീണു പൊട്ടുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് ബി.ജെ.പി അനുഭാവിയായ മാടപ്പീടികയില്‍ ജിതിന്‍ എന്ന ജിത്തുവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.
അക്രമങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊക്കിലങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അനൂപിനെ വെട്ടിയ സംഭവത്തില്‍ ഒരാളെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു