kannur political murders

കണ്ണൂര്‍: തലശ്ശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍ ഷംസീറിന്റെ വീടിനു നേരെയുണ്ടായ കൊലവിളിക്ക് പിന്നാലെ വീണ്ടും കണ്ണൂരില്‍ ആക്രമണം പൊട്ടി പുറപ്പെട്ടതില്‍ പരക്കെ ആശങ്ക.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎം, ബിജെപി, ആര്‍എസ്എസ് സംഘടനകളുടെയടക്കം സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഷംസീറിന്റെ വീട്ടിന് മുന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയിരുന്നത്. ഷംസീറിന്റെ രക്തം കൊണ്ട് കാളീ പൂജ ചെയ്യുമെന്നായിരുന്നു ഭീഷണി.

ഈ സംഭവത്തില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിനു ശേഷം ബുധനാഴ്ച വൈകിട്ട് 5.45ന് കതിരൂര്‍ പൊന്ന്യം നായനാര്‍ റോഡില്‍ നടന്ന ബോംബേറിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റത്. കല്ലന്‍ സുരേന്ദ്രന്‍, വിനീഷ്, ശ്രീകുമാര്‍ ,അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോംബ് എറിഞ്ഞത് ബിജെപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു അടുത്ത ആക്രമണം. തളാപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ വെട്ടേറ്റത്. ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇടച്ചേരി ശിവം ഹൗസില്‍ സുശീല്‍ കുമാറിനെ(48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൈക്ക് വെട്ടേറ്റ പരിക്കുകളോടെ കല്യാശ്ശേരി പടിഞ്ഞാറെ വീട്ടില്‍ ശിവദാസ് (40), എ.എന്‍.മിഥുന്‍ എന്നിവരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഒന്‍പതു മണിയോടെ ഭജന്‍ മുക്കിനു സമീപം നില്‍ക്കുകയായിരുന്ന ഇവര്‍ക്കു നേരെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

മുഖ്യമന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി തീരുമാനത്തിന് ശേഷമാണ് പ്രകോപനങ്ങളും ആക്രമണങ്ങളും നടക്കുന്നത് എന്നതിനെ ഗൗരവമായാണ് പൊലീസ് കാണുന്നതെങ്കിലും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പൊലീസ് തലപ്പത്ത് തന്നെ ഇപ്പോള്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.

നേതാക്കള്‍ പറഞ്ഞാലും അണികള്‍ കേള്‍ക്കാത്ത അസാധാരണ സാഹചര്യം കേഡര്‍ പാര്‍ട്ടികളായ സിപിഎമ്മിലും ബിജെപിയിലും ആര്‍എസ്എസിലും നിലനില്‍ക്കുന്നതാണ് ആക്രമണം തുടരുന്നതിന് പ്രധാന കാരണമായി പൊലീസ് ചൂണ്ടി കാട്ടുന്നത്.

ഈ പോക്കു പോകുകയാണെങ്കില്‍ വീണ്ടും കണ്ണൂര്‍ കലാപഭൂമിയായി മാറുമെന്ന് രഹസ്വാന്വേഷണ വിഭാഗവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Top