കണ്ണൂര്‍: മുഖ്യമന്ത്രി പങ്കെടുത്ത് നടന്ന സര്‍വ്വകക്ഷിയോഗത്തിനു ശേഷം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കണ്ണൂരില്‍ നടന്ന ആക്രമണത്തില്‍ ഞെട്ടിയത് സിപിഎം നേതൃത്വം.
പാര്‍ട്ടിയോ പാര്‍ട്ടി നേതൃത്വമോ അറിയാതെ നടന്ന കൊലപാതകത്തെ തള്ളി പറഞ്ഞ് പെട്ടെന്ന് തന്നെ പരസ്യമായി രംഗത്തു വരാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രേരിപ്പിച്ചത് സംഗതി കൈവിട്ട് പോകുമെന്ന് കണ്ടതിനാലാണത്രെ.
മുഖ്യമന്ത്രിയും ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ അസ്വസ്ഥനാണ്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജു എന്നതിനാല്‍ സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.
ജില്ലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നത് സിപിഎം ആണെന്ന് ആരോപിച്ച ബിജെപി ശക്തമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസും വലിയ ആശങ്കയിലാണ്.
സര്‍വ്വകക്ഷി സമാധാന യോഗത്തിനുശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍.എസ്.എസ് വലിയ പ്രകോപനങ്ങള്‍ ഉണ്ടാക്കിയിട്ടും ആത്മസംയമനം പാലിക്കുകയാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നാണ് പി.ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
കൊലപാതകം ന്യായീകരിക്കത്തക്കതല്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കണ്ണൂരില്‍ സായുധസേനാ പ്രത്യേകാധികാര നിയമമായ അഫ്‌സ്പ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കണ്ണൂരിലെ സിപിഎം ക്രിമിനലുകളുടെ ആക്രമണം സര്‍ക്കാരിനു പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചു.
കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്‌സ്പ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അഫ്‌സ്പ നിയമം അനുസരിച്ച് നിയമ സമാധാനത്തിന്റെ ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധമായ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണര്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ആര്‍.എസ്.എസ് കാര്യവാഹ് ആണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ വ്യാപകമായ അക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ദേശീയ തലത്തില്‍ സിപിഎമ്മിന് എതിരെയും മുഖ്യമന്ത്രി പിണറായിക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ബിജെപി ആര്‍ എസ് എസ് ദേശീയ നേതൃത്വങ്ങളും ഇപ്പോഴത്തെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ കേരളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടതാണ് ബിജെപി ആര്‍ എസ് എസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.
അതേസമയം കേഡര്‍ പാര്‍ട്ടികളാണെങ്കിലും സിപിഎമ്മിന്റെയും ബിജെപി ആര്‍ എസ് എസ് വിഭാഗങ്ങളിലെയും അണികളെ നേതൃത്വങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകങ്ങള്‍ക്ക് എണ്ണം പറഞ്ഞ് കണക്ക് തീര്‍ക്കുന്ന കണ്ണൂരില്‍ വീണ്ടും അശാന്തി പടരുമ്പോള്‍ ജനങ്ങളും വലിയ ആശങ്കയിലാണ്. എപ്പോള്‍ വേണമെങ്കിലും എവിടെയും എന്തും സംഭവിക്കാമെന്ന അവസ്ഥ . .
പൊലീസ് മേധാവിയുടെ കസേരയില്‍ തിരിച്ചു വന്ന സെന്‍കുമാറിനെ സംബന്ധിച്ചും ചാര്‍ജെടുത്ത് ഒരാഴ്ചക്കുള്ളില്‍ നടന്ന ഈ കൊലപാതകത്തിലെ പ്രതികളെ പിടിക്കേണ്ടത് ഇപ്പോള്‍ അഭിമാനപ്രശ്‌നമാണ്.
സിപിഎം ക്രിമിനലുകളാണ് പ്രതികളെന്ന് ബിജെപി ആരോപിക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ സെന്‍കുമാര്‍ ഈ കേസില്‍ എന്ത് തീരുമാനമാണ് എടുക്കുകയെന്നാണ് ആകാംക്ഷയോടെ വീക്ഷിക്കുന്നത്.
ഏത് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണമെന്ന് തീരുമാനിക്കാനും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കാനും പൊലീസ് മേധാവി എന്ന നിലയില്‍ വലിയ അധികാരമാണ് സെന്‍കുമാറിനുള്ളത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിച്ചാലും എതിര്‍കക്ഷിയാകുന്ന സെന്‍കുമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമാകും.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായ രൂപത്തില്‍വന്ന വീഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ദൃശ്യം തെറ്റായതും കെട്ടിച്ചമച്ചതാണെന്നുമാണ് സിപിഎം നേതൃത്ത്വത്തിന്റെ ആരോപണം.
കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാണ് ഡിജിപി സെന്‍കുമാര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ശിവവിക്രമിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം