‘കേരള സര്‍ക്കാര്‍ നിങ്ങളെ ഏറ്റെടുത്തു” അതിഥി തൊഴിലാളികളോട് യതീഷ് ചന്ദ്ര

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടയിലും വീണ്ടും മാസായി കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര. വളപ്പട്ടണം മേഖലയിലെ അതിഥി തൊഴിലാളികളെ പ്രത്യേക അകലത്തില്‍ വരിവരിയായി നിര്‍ത്തിയാണ് എസ്.പി നേരിട്ട് പിന്തുണ അറിയിച്ചത്. പൊലീസ് മെഗാ ഫോണിലൂടെ ഹിന്ദിയിലായിരുന്നു പ്രസംഗം. കേരള സര്‍ക്കാര്‍ നിങ്ങളെ ഏറ്റെടുത്തതായും എസ് പി അറിയിച്ചു. കയ്യടികളോടെയാണ് യതീഷ് ചന്ദ്രയുടെ പ്രസംഗത്തെ അതിഥി തൊഴിലാളികള്‍ സ്വീകരിച്ചത്.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേരിട്ട് കേട്ട് മനസിലാക്കി എന്ത് ആവശ്യം ഉണ്ടെങ്കിലും പൊലിസിനെ ബന്ധപ്പെടാനുള്ള സാഹചര്യവും യതീഷ്ചന്ദ്ര ഒരുക്കിക്കൊടുത്തു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ സ്വന്തം സംസ്ഥാനത്തേക്ക് പോകാന്‍ പറ്റാതെ കുടുങ്ങി കിടക്കുകയാണ് പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി ഇളക്കി വിടാനുള്ള ശ്രമവും വ്യാപകമായിരുന്നു.

കോട്ടയത്തെ പായിപ്പാട്ട് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയതും ചിലരുടെ ഇത്തരം അജണ്ടമൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ഇതര തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവുമായി യതീഷ് ചന്ദ്ര എത്തിയത്. കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയില്‍ ലോക്ക് ഡൗണിന്റെ ആവശ്യകതയും എസ് പി അവരെ ബോധ്യപ്പെടുത്തി. കൂട്ടമായി തെരുവിലിറങ്ങിയാല്‍ ഈ സാഹചര്യത്തില്‍ നാടിന് ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികളോട് ആരെങ്കിലും താമസ സ്ഥലത്ത് നിന്ന് പോകാന്‍ പറയുകയോ, മറ്റൊ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെടാനും എസ് പി പറഞ്ഞിട്ടുണ്ട്. ഫോണ്‍നമ്പറുകളും കൈമാറിയിട്ടുണ്ട്. ”നിങ്ങള്‍ താമസിക്കുന്നത് വേറെ ഏതൊ നാട്ടില്‍ അല്ലെന്നും, നമ്മുടെ നാട്ടില്‍ തന്നെയാണെന്നും’ യതീഷ് ചന്ദ്ര തൊഴിലാളികളെ ഓര്‍മ്മിപ്പിച്ചു. അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ അതാതു സ്ഥലങ്ങളില്‍ പഞ്ചായത്തുകളിലൂടെ ലഭ്യമാവുമെന്നും എസ് പി അറിയിച്ചു. തങ്ങള്‍ക്ക് ഇനി എങ്ങോട്ടും പോകെണ്ടെന്നാണ് യതീഷ് ചന്ദ്രയുടെ പ്രസംഗത്തിന് ശേഷം പല അതിഥി തൊഴിലാളികളും പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ, ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ആളുകളെ ഏത്തമിടുവിച്ച സംഭവത്തില്‍ വിവാദ നായകനായിരുന്നു യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷന്‍ ഏകപക്ഷീയമായി കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ ഈ സംഭവത്തിലും പൊതു സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

ഏത്തമിടുവിക്കല്‍ സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രിയും റിപ്പോര്‍ട്ടും തേടിയിരുന്നു. ഏത്തമിടുവിക്കല്‍ സര്‍ക്കാറിന് അവമതിപ്പുണ്ടാക്കി എന്ന പ്രചരണത്തിനുള്ള മറുപടി കൂടിയാണിപ്പോള്‍ എസ് പിയുടെ മാസ് എന്‍ട്രി.

കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളെ എങ്ങനെ മെരുക്കും എന്ന് ആലോചിക്കുന്ന സര്‍ക്കാറിന് കണ്ണൂരിലെ എസ് പിയുടെ ഇടപെടല്‍ വലിയ ആശ്വാസമായിരിക്കുകയാണ്. മറ്റ് ജില്ലകളിലും ഇതേ മോഡല്‍ ബോധവല്‍ക്കരണമാണ് പൊലീസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Top