കണ്ണൂര്‍: മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങള്‍ ഇല്ലാഞ്ഞിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി കണ്ണൂര്‍ ജില്ലാ ഭരണകൂടം.
വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായി കണ്ടെത്തിയത്. ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ബാക്കിയുള്ള ആളുകളുടെ ഫലം കൂടി എത്തുന്നതോടെ നിര്‍ണായകമാകും കണ്ണൂരിലെ ഇനിയുള്ള സ്ഥിതിഗതികള്‍.
മെയ് മൂന്ന് വരെ ജില്ലയില്‍ പൊലീസിന്റെ ട്രിപ്പിള്‍ ലോക്ക് സുരക്ഷയായിരിക്കും. ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ.