കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം. ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസില്‍ മഹാത്മാഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഇസ്ലാമിക്, ദ്രവീഡിയന്‍, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസില്‍ ഉള്‍പ്പെടുത്താനും വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗീകമായി ഉള്‍പ്പെടുത്താനും ഗോള്‍വാള്‍ക്കറേയും സവര്‍ക്കറേയും വിമര്‍ശനാത്മകമായി പഠിക്കാനും അനുമതി നല്‍കി. ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ രചനകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കും.
ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസില്‍ സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു . വിവാദങ്ങള്‍ ഒഴിവാക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ, കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസാണ് വിവാദത്തിലായിരുന്നു. ആര്‍എസ്എസ് നേതാക്കളായ സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തുടര്‍ന്ന് സര്‍വകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാര്‍ശകള്‍ പ്രകാരമുള്ള ഭേദഗതികള്‍ അംഗീകരിച്ചതായാണ് സൂചന. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ അക്കാദമിക്ക് കൗണ്‍സിലിന് വിട്ടു.
ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കണ്ണൂര്‍ സര്‍വകലാശാല പിന്മാറിയിരുന്നു. വിവാദ പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.