ഒടുവിൽ വിവാദമുണ്ടാക്കിയവർക്കും, ഏറ്റെടുത്തവർക്കും വമ്പൻ തിരിച്ചടി

ണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പ്രതിപക്ഷത്തിനു മാത്രമല്ല മാധ്യമങ്ങള്‍ക്കും വലിയ തിരിച്ചടിയാണ്. ഇവരുടെ വാദങ്ങള്‍ കൂടിയാണിപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെ ഉണ്ടായ ഈ വിധി, പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വാദങ്ങള്‍ കൂടിയാണ് ഇവിടെ തള്ളപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത് അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനക്ക് വന്നിരുന്നത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി ഫയില്‍ പോലും സ്വീകരിക്കാതെ കോടതി തള്ളിയിരിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹര്‍ജിയും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. കണ്ണൂരിനു പുറമെ മറ്റു സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ കൂടി വിവാദമാക്കുന്ന പ്രതിപക്ഷ നീക്കത്തിന്റെ മുനയാണ് ഇതോടെ ഒടിഞ്ഞു പോയിരിക്കുന്നത്.

സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വിസി നിയമനത്തില്‍ താന്‍ നിലപാട് സ്വീകരിച്ചതെന്ന ഗവര്‍ണറുടെ നിലപാടിന്റെ പ്രസക്തിയും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. നിയമന ഉത്തരവില്‍ ഒപ്പുവച്ച ശേഷം വിവാദമുണ്ടാക്കിയ ഗവര്‍ണറാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ആരുടെ പ്രേരണയാണ് തന്നെ സ്വാധീനിച്ചതെന്നതിന് ഉത്തരം പറയാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറാകുകയാണ് ഇനി വേണ്ടത്. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് തന്റെ പദവിയുടെ പരിമിതി കൂടി തിരിച്ചറിഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറേണ്ടിയിരുന്നത്. അത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന ബോധ്യത്തിലാണ് ഇപ്പോള്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുന്നത്.

ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി എടുത്ത് കളഞ്ഞ ചരിത്രം തമിഴ്‌നാടിനുണ്ട്. എന്നിട്ടും ജയലളിത ഭരണകൂടത്തിന് ഒന്നും സംഭവിച്ചിട്ടല്ല. അതാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തില്‍ നിന്നും ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ കേരള സര്‍ക്കാറിനും കഴിയും. ഇതിനായി നിയമസഭ വിളിച്ചു ചേര്‍ക്കേണ്ട ആവശ്യം മാത്രമേ വരികയൊള്ളൂ. എന്നാല്‍ അത്തരം കടുത്ത നീക്കങ്ങള്‍ക്ക് തല്‍ക്കാലം ഇല്ല എന്ന് സി.പി.എം നേതൃത്വവും സര്‍ക്കാറും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിലെ വലിയ മാതൃകയാണിത്.

കയ്യിലുള്ള അധികാരം പ്രയോഗിക്കാതെ ഒരു സമവായം തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നു വ്യക്തം. ഇത് തിരിച്ചറിഞ്ഞ് ഏറ്റുമുട്ടല്‍ പാത ഒഴിവാക്കുകയാണ് ഗവര്‍ണറും ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ നേതാവിനെ പോലെ ഒരിക്കലും ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ പോലും പലപ്പോഴും അതിരുവിട്ടതായാണ് മാറുന്നത്. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നാം ഓര്‍ക്കുക തന്നെ വേണം. മാതൃകാപരമായ പ്രവര്‍ത്തനമാണ് സദാശിവം കാഴ്ചവച്ചിരുന്നത്.

അതേസമയം കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധവും നനഞ്ഞ പടക്കമായി മാറാനാണ് സാധ്യത. ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏറ്റവും ശക്തമായി രംഗത്തു വന്നിരുന്നത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാട്ടി പത്ര സമ്മേളനം നടത്തിയതും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതും ചെന്നിത്തല തന്നെയാണ്. കോണ്‍ഗ്രസ്സില്‍ പുതിയ നേതൃത്വം വിലസുന്ന സാഹചര്യത്തില്‍ സമാന്തര പ്രതിപക്ഷ നേതാവിന്റെ റോള്‍ വഹിക്കാനാണ് ചെന്നിത്തല ഇതുവഴി ശ്രമിച്ചിരുന്നത്.

എന്നാല്‍ അതും ഇപ്പോള്‍ പാളിയ അവസ്ഥയാണുള്ളത്. കോടതിയില്‍ നിന്നും ഇത്തരം ഒരു വിധി സാക്ഷാല്‍ ചെന്നിത്തലയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കണ്ണൂര്‍ വി.സി നിയമനം മുന്‍ നിര്‍ത്തി സര്‍ക്കാറിനെ കടന്നാക്രമിച്ച മാധ്യമങ്ങളും ഇപ്പോഴത്തെ വിധിയില്‍ അമ്പരന്നിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്തു നടന്ന വി.സി നിയമനങ്ങള്‍ മറച്ചു വച്ചാണ് കണ്ണൂര്‍ വി.സി നിയമനം വിവാദമാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ മത്സരിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ വിചാരണകളും തികച്ചും ഏകപക്ഷീയമായിരുന്നു. ഇവരാരും തന്നെ നിയമനം നീട്ടി നല്‍കപ്പെട്ട വൈസ് ചാന്‍സലറുടെ ഉന്നതമായ യോഗ്യതയും സംഭാവനകളും ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. പ്രതിപക്ഷ ‘അജണ്ട’ക്കാണ് യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളും പിന്തുണ നല്‍കിയിരുന്നത്.

ഇത്തരക്കാര്‍ ഓര്‍ക്കേണ്ടത് സ്‌കൂള്‍ അധ്യാപകനെയും കോണ്‍ഗ്രസ്സ് നേതാവിനെയും ഒക്കെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരാക്കാന്‍ ശ്രമിച്ച യു.ഡി.എഫിന്റെ പഴയ കാലമാണ്. ഇടതുപക്ഷത്തിന്റെ ‘ജാഗ്രത’ ഒന്നു കൊണ്ടു മാത്രമാണ് സ്‌കൂള്‍ അദ്ധ്യാപകനായ ലീഗ് നേതാവ് വി.സിയാകാതിരുന്നത്. അതേസമയം കോണ്‍ഗ്രസ്സ് നേതാവിനെ കണ്ണൂര്‍ വിസിയാക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. ഇതുപോലെ ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്’. നിലവിലെ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല. അദ്ദേഹത്തിന്റെ കഴിവിലും യോഗ്യതയിലും ബഹുമാനപ്പെട്ട ഹൈക്കോടതി പോലും ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല. ഇതും വിമര്‍ശകര്‍ തിരിച്ചറിയണം.

കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ ഗവര്‍ണറെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ മുന്‍ സര്‍ക്കാറിന്റെ തീരുമാനവും മറന്നു പോകരുത്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ തന്നെയാണ് ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നത്. അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിനു കത്തും അയച്ചിരുന്നു. ഇതിന്റെ കോപ്പി ഇപ്പോഴും സെക്രട്ടറിയേറ്റിലെ ഫയലില്‍ ഉണ്ടെന്നതും മറന്നു പോകരുത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരിക്കെ നിയമിച്ച മദന്‍മോഹന്‍ പുഞ്ചി കമ്മീഷന്റെ ശുപാര്‍ശകള്‍ സംബന്ധിച്ചു, സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ഓഗസ്റ്റ് 26ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയിരുന്നത്.

ഭരണഘടനാപരം അല്ലാത്ത ചുമതലകള്‍ ഗവര്‍ണര്‍മാര്‍ വഹിക്കരുത് എന്ന ശുപാര്‍ശയാണ് അന്നു കമ്മീഷന്‍ നല്‍കിയിരുന്നത്. ഗവര്‍ണര്‍ പദവിയെ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കുന്നു എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ ഈ നിലപാട് തന്നെ പിണറായി സര്‍ക്കാറും സ്വീകരിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ പോലും ഇനി യു.ഡി.എഫ് നേതാക്കള്‍ക്കു കഴിയുകയില്ല. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ തന്നെ കയ്യാളണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ആരിഫ് മുഹമ്മദ് ഖാനാണ് ‘തിരുത്താന്‍’ ഗവര്‍ണര്‍ തയ്യാറായാല്‍ ചാന്‍സലര്‍ പദവിയും അദ്ദേഹത്തിന്റെ കയ്യിലിരിക്കും. അതല്ലെങ്കില്‍ ആ പദവി എടുത്തു മാറ്റപ്പെടുവാന്‍ തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top