കണ്ണൂര്‍ സര്‍വകലാശാല വി.സി. നിയമനം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഡല്‍ഹി: ഗവര്‍ണര്‍ സര്‍ക്കാര്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവാദമായ കണ്ണൂര്‍ സര്‍വകലാശാല വി.സി. നിയമനം ഇന്ന് സുപ്രിംകോടതിയില്‍. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

പുനര്‍നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാന്‍സലര്‍ പദവി ഒഴിയുമെന്നുമുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങളും വിവാദമായി. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

 

Top