കൊച്ചി: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു.
2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്.
കണ്ണൂര്‍ വി സി പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.