കണ്ണൂര്‍: ഇത്തവണ വേനലിനു മുമ്പേ പുഴക്കരയില്‍ താമസം മാറ്റേണ്ടി ഗതികേടിലാണ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍. മലയോര മേഖലയില്‍ പ്രളയത്തില്‍ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയില്‍ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികള്‍ പറയുന്നു.
ഒരു മാസത്തോളമായി ഇവര്‍ ഇങ്ങനെ താമസിക്കാന്‍ തുടങ്ങിയിട്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും, പുരുഷന്‍മാര്‍ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാള്‍ സൗകര്യപ്രദമെന്ന് ഇവര്‍ പറയുന്നു. വേനല്‍ കടുത്താല്‍ കൂടുതല്‍ പേര്‍ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയില്‍ നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്.