കൊറോണ പരിശോധനയ്ക്ക് എത്തിയ യുവാവ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി

കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ ഇതിനോട് വളരെ നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള നിരവധിപേരാണ് സര്‍ക്കാരിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടുന്നത്.

ഇപ്പോഴിതാ പനിയുമായി വിദേശത്തു നിന്നെത്തിയ യുവാവാണ് കൊറോണ വൈറസ് നിരീക്ഷണത്തിനായി ഡോക്ടറെ കാത്തിരുന്നു മടുത്ത് ആശുപത്രിയില്‍ നിന്നു മുങ്ങിയത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവ് വിദേശത്തു നിന്നു വന്നതാണെന്നും പനിയുടെ ലക്ഷണമുണ്ടെന്നും ആശുപത്രിയിലെ അന്വേഷണ വിഭാഗത്തില്‍ അറിയിച്ചിരുന്നു. കൊറോണ പരിശോധനയ്ക്കായി ഒരുക്കിയ നിരീക്ഷണ മുറിയിലേക്കു പോകാന്‍ യുവാവിന് അന്വേഷണ വിഭാഗത്തില്‍ നിന്നു നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയ്ക്കായി ഡോക്ടര്‍ എത്തിയപ്പോള്‍ ആളെ കാണാതാവുകയായിരുന്നു.

സംഭവത്തില്‍ സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്ന് 10 മിനിറ്റില്‍ താഴെ നിരീക്ഷണമുറിയില്‍ ചെലവഴിച്ച ശേഷം യുവാവു സ്ഥലംവിട്ടതായി കാണാം. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പരിയാരം പൊലീസില്‍ പരാതി നല്‍കി.

Top