കാണ്‍പൂര്‍ സംഘര്‍ഷം: പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പൊലീസ് തടഞ്ഞു

കാൺപൂർ:കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാൻ പോയ മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും, പരിക്കേറ്റ ജനങ്ങളെ കാണാൻ പൊലീസ് സമ്മതിച്ചില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഇതേത്തുടർന്ന് മുഹമ്മദ് ബഷീർ ഡൽഹിയിലേക്ക് മടങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തിയയുടൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പൊലീസ് വാഹനത്തിൽ 35 കിലോമീറ്റർ അകലെ എത്തിച്ചു. രാത്രി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിട്ടവരെ കാണാനാണ് കാൺപൂരിലെത്തിയത്. യു പി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും. പൊലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകുമെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.

Top