Kanpur: Murder case filed against policemen after Dalit man dies in custody

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ തല്ലിക്കൊന്നു. കമല്‍ വാത്മീകി എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

രണ്ടു ദിവസംമുന്‍പാണ് കമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലെ ഒരു മുറിയില്‍ കമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കമാലിന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടിരുന്നു. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് റൂമിനകത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. പൊലീസ് കൊലപാതകം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വ്യാജ പേരിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കമല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പേര് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതാണെന്നുമാണ് പൊലീസുകാരുടെ വാദം. രാജു എന്ന പേരാണ് രേഖകളിലുള്ളതെന്നാണ് പൊലീസുകാര്‍ പറയുന്നത്. എന്നാല്‍ പൊലീസ് അവകാശപ്പെടുന്ന രാജു എന്നൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഷലാബ് മാത്തൂര്‍ അറിയിച്ചു. കമലിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Top