അടുത്ത കാലത്ത് രാജ്യത്ത് ഉടനീളം പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കന്നഡ ചിത്രം തെന്നിന്ത്യൻ സിനിമ മേഖലക്ക് മുഴുവൻ വലിയൊരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിൽ ചെറുതല്ലാത്ത തരംഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസിൽ ഓരോ ദിനവും തരംഗം തീർക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായർ 4.50 കോടി, തിങ്കൾ 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷൻ. ആകെ മൊത്തം ഹിന്ദി ബോക്സ് ഓഫീസിൽ 67 കോടി ചിത്രം പിന്നിട്ടു കഴിഞ്ഞതായി ട്രെഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. ഈ നിലയിലാണ് ചിത്രത്തിന്റെ പ്രകടനമെങ്കിൽ ഉടൻ തന്നെ ബോളിവുഡിൽ കാന്താര 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, കാന്താരയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കാന്താര നവംബർ നാലിന് ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ നാലിന് സ്ട്രീമിംഗ് ചെയ്യില്ലെന്നും എന്നാൽ ഉടൻ തന്നെ ഒടിടി റിലീസ് കാണുമെന്നുമാണ് അധികൃതർ അറിയിച്ചത്.