കണ്ണൂര്‍: അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമൂഹം പ്രതികരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയമായി സംഘടിക്കുക മുസ്ലിം ജമാഅത്തിന്റെയോ എസ്.വൈ.എസിന്റെയോ നയമല്ല. അതുകൊണ്ട് ചവിട്ടിത്തേക്കാമെന്ന് ധരിക്കുന്നവര്‍ക്കെതിരെ തങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും.
മദ്‌റസക്ക് തീയിട്ടവരെയും അത്തരം അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാത്തവരെയും ഇരുത്തേണ്ടയിടത്ത് ഇരുത്തും. അധികാരത്തിന്റെ തണലില്‍നിന്ന് സമുദായത്തിലെ ഒരുവിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
വഖഫ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടക്കേണ്ടത് ന്യായമായിട്ടായിരിക്കണം. അല്ലാതെ കുത്തകയാക്കിവെച്ചവരുടെ ഇഷ്ടത്തിനാകരുത്.
കാരുണ്യസ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന ജെ.ജെ ആക്ട്.
ഇത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ വകുപ്പുമന്ത്രി തലയാട്ടി ഒത്താശ നല്‍കി. കോടതിയാണ് ആറുമാസത്തേക്ക് ഈ നിയമം തടഞ്ഞുവെച്ചത്. നമുക്ക് ആലോചിക്കാനും പ്രവര്‍ത്തിക്കാനും സാവകാശം നല്‍കിയതും കോടതിയാണ് അദ്ദേഹം പറഞ്ഞു.