ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പുറത്തിറക്കിയ കുറ്റപത്രത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പേരില്ലാത്തത് വിവാദമാകുന്നു. കപില്‍ മിശ്രക്കെതിരെ സാക്ഷിമൊഴികള്‍ അടക്കമുണ്ടായിട്ടും കുറ്റപത്രത്തില്‍ പേരില്ലാത്തതിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.
50ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ട ഡല്‍ഹി സംഘര്‍ഷത്തില്‍ കപില്‍ മിശ്രയടക്കമുള്ളവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് കാരണമായി ആരോപിക്കപ്പെടുന്നത്. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് സി.എ.എ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു. കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചതായി ഒരു സി.എ.എ വിരുദ്ധ സമരവേദിയില്‍ വെച്ച് വിളിച്ച് പറയുന്നതായി കേട്ടു എന്നാണ് സാക്ഷിമൊഴി.
അതേ സമയം സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തെ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചാന്ദ്ബാഗില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തില്‍ യോഗേന്ദ്ര യാദവ് സംസാരിച്ചിരുന്നു. എന്നാല്‍ യോഗേന്ദ്ര യാദവിന്റെ പേര് പ്രതിപ്പട്ടികയില്‍ ഇല്ല. സംഘര്‍ഷത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.