ന്യൂഡല്‍ഹി : സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണത്തില്‍ സുപ്രീംകോടതി സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍.
സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസില്‍ ആദ്യാവസാനം ഒരു ജഡ്ജി തന്നെ വാദംകേള്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെട്ടതും അന്വേഷിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസില്‍ വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ‘ദ് കാരവന്‍’ മാസികയിലൂടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും കപില്‍ സിബല്‍ പറയുന്നു.
കേസില്‍ വാദംകേട്ട ജഡ്ജിയെ മാറ്റാനുള്ള തീരുമാനം അന്നത്തെ ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്തുകൊണ്ടാണ് അംഗീകരിച്ചത്. സിബിഐ ഈ വിഷയം എന്തുകൊണ്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന ജഡ്ജിമാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഈ വിഷയത്തില്‍ മൗനംപാലിക്കുകയാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.