ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള വിധിയില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ സുപ്രീംകോടതിയില്‍.
എന്നാല്‍ വിധിയില്‍ ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അറിയിച്ചു.
ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനു വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയെ സമീപിച്ചത്. വിധിന്യായത്തിലെ അവസാന പേജിലെ പ്രസ്താവന ഭൂരിപക്ഷ ജഡ്ജിമാരുടെ കാഴ്ച്ചപ്പാടല്ല പങ്കുവെക്കുന്നതെന്നായിരുന്നു കപില്‍ സിബല്‍ ഉയര്‍ത്തിയ വാദം.
എന്നാല്‍ വിധി വ്യക്തമാണെന്നും ഇനി വ്യക്തത നല്‍കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അഭിപ്രായപ്പെട്ടു.
മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ പ്രഖ്യാപിച്ചത്.
ഖുര്‍ആന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണ് മുത്തലാഖെന്ന് ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷവിധിയില്‍ അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഭൂരിപക്ഷവിധിയോട് വിയോജിച്ചു. ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷവിധിയാണ് നടപ്പാവുക. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവരാണ് ഈ വിധിയെഴുതിയത്.
മുത്തലാഖ് പ്രകാരമുള്ള വിവാഹമോചനങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്നും അതിനകം കേന്ദ്രം വിവാഹമോചനത്തിന് പുതിയ നിയമമുണ്ടാക്കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.