ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒപ്പിടാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്സ്. മുന്‍ പ്രധാനമന്ത്രി ആയതിനാല്‍ മന്‍മോഹന്‍ സിങ്ങിനോട് നോട്ടീസില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളിലെ 71 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് നോട്ടീസാണ് ഉപരാഷ്ട്രപതിക്ക് കൈമാറിയത്. മന്‍മോഹന്‍ സിങ്ങിനു പുറമേ കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, അഭിഷേക് സിങ്‌വി എന്നിവരും നോട്ടീസില്‍ ഒപ്പുവച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷാംഗങ്ങള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.