വാജ്‌പേയിയുടെ ഉപദേശം കേള്‍ക്കാത്തവര്‍; രാജധര്‍മ്മത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടി

രാജധര്‍മ്മം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോണ്‍ഗ്രസിനെ അറിയിച്ച ബിജെപിക്ക് മറുപടി. പഴയകാല സംഭവം ഓര്‍മ്മിച്ചെടുത്ത് കൊണ്ടാണ് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിന് തിരിച്ചടി നല്‍കിയത്. 2002 ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്ന് സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് ‘രാജധര്‍മ്മം’ പാലിക്കാന്‍ ഉപദേശിച്ച പത്രസമ്മേളനം ചൂണ്ടിക്കാണിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് വന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നാല്‍പ്പതിലേറെ പേര്‍ കൊല്ലപ്പെട്ട കലാപങ്ങള്‍ക്ക് പിന്നാലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാരിനോട് രാജധര്‍മ്മം പാലിക്കാന്‍ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെതിരെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടിയുമായി രംഗത്തെത്തി. സര്‍ക്കാരിനെ രാജധര്‍മ്മം ഉപദേശിക്കാന്‍ കോണ്‍ഗ്രസ് വരേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

‘ഇതിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് കപില്‍ സിബല്‍ രംഗത്ത് വന്നത്. ‘മന്ത്രിയെ എങ്ങനെ രാജധര്‍മ്മം പഠിപ്പിക്കും? ഗുജറാത്തില്‍ വാജ്‌പേയി ജി പറഞ്ഞത് നിങ്ങള്‍ കേട്ടില്ല, പിന്നെ ഞങ്ങള്‍ പറയുന്നത് എങ്ങനെ കേള്‍ക്കും? കേള്‍ക്കുക, പഠിക്കുക, അനുസരിക്കുക എന്നത് നിങ്ങളുടെ സര്‍ക്കാരിന് ഇല്ലാത്ത ശക്തമായ നിലപാടില്‍ ഒന്നാണ്’, സിബല്‍ പരിഹസിച്ചു.

ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിനെയും, ഡല്‍ഹി സര്‍ക്കാരിനെയും ഒരുപോലെ ലക്ഷ്യം വെയ്ക്കുകയാണ് കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Top