ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ച സംഭവം ലജ്ജാകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ കഴിയുന്ന കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയുമാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ അപമാനിച്ചത്.
കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
സന്ദര്‍ശനസമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്‍പ് കുല്‍ഭൂഷണിന്റെ ഭാര്യയുടെ പക്കല്‍ നിന്നും താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരി വാങ്ങിച്ചുവെന്നും എന്നാല്‍ പിന്നീട് ഇത് തിരികെ നല്‍കിയില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ജാദവിന്റെ അമ്മയ്ക്ക് മാതൃഭാഷ സംസാരിക്കാന്‍ അനുവാദം നല്‍കാതിരുന്ന പാക്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന സ്ഥലത്തു നിന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നും ഇതൊന്നും ഇന്ത്യയെ നേരത്തെ അറിയിച്ചിരുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുല്‍ഭൂഷന്റേത് സമ്മര്‍ദ്ദത്തിന്റെ ശരീരഭാഷയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കുല്‍ഭൂഷണ്‍ ജാദവുമായി അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും തിങ്കളാഴ്ച കൂടികാഴ്ച നടത്തിയിരുന്നു.
നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം കുല്‍ഭൂഷണിനെ കണ്ടത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറും പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തെ സ്വീകരിക്കാന്‍ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
കൂടിക്കാഴ്ച നടക്കുന്ന ഇസ്‌ലാമാബാദിലെ വിദേശ കാര്യ ഓഫിസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.