ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്ത്. വിരാട് കോലിയായാലും സൗരവ് ഗാംഗുലിയായാലും, പരസ്യമായി മറ്റൊരാളേക്കുറിച്ച് മോശം പറയുന്നതും വിമർശനം ഉന്നയിക്കുന്നതും നല്ല കാര്യമല്ലെന്ന് കപിൽ തുറന്നടിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, കോലി ഗാംഗുലിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കപിലിന്റെ പരാമർശം.
ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താൻ വിരാട് കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന, വാർത്താ സമ്മേളനത്തിൽ കോലി നിഷേധിച്ചിരുന്നു. ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം ബിസിസിഐയും സിലക്ടർമാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും കോലി വിശദീകരിച്ചു. ഇതോടെയാണ് ഗാംഗുലി കള്ളം പറഞ്ഞെന്ന തരത്തിൽ വിവാദം രൂപപ്പെട്ടത്.
അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടും മുൻപ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് കപിലിന്റെ നിലപാട്. മാത്രമല്ല, ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നതും മറ്റൊരാൾക്കുനേരെ വിരൽ ചൂണ്ടുന്നതും നല്ല പ്രവണതയല്ലെന്നും കപിൽ തുറന്നടിച്ചു.
‘ഈ സമയത്ത് മറ്റൊരാൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കൻ പര്യടനമാണ് വരാൻ പോകുന്നത്. എല്ലാവരുടെയും സമ്പൂർണ ശ്രദ്ധ അതിലായിരിക്കണം’ – കപിൽ പറഞ്ഞു.