മാണി സി കാപ്പന്റെ മന്ത്രി മോഹം മുളയിലേ നുള്ളി സി.പി.എം. എന്‍.സി.പിയിലേക്ക് മടങ്ങി എത്തി മന്ത്രിയാകാനുള്ള കാപ്പന്റെ ശ്രമമാണ് സി.പി.എം നേതൃത്വം തകര്‍ത്തിരിക്കുന്നത്. എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററുടെ അറിവോടെയാണ് എന്‍.സി.പിയിലേക്ക് മടങ്ങാന്‍ കാപ്പന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനായി ദേശീയ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ, മുതിര്‍ന്ന നേതാവും പവാറിന്റെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേല്‍ എന്നിവരെയാണ് കാപ്പന്‍ സന്ദര്‍ശിച്ചത്. കാപ്പന്റെ സന്ദര്‍ശനം ഫോട്ടോ സഹിതം സുപ്രിയ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്.
അതേസമയം, മാണി സി കാപ്പന്‍ എന്‍.സി.പിയില്‍ ലയിച്ചാലും ഒരു കാരണവശാലും മന്ത്രിയാക്കില്ലെന്ന കര്‍ക്കശ നിലപാടിലാണ് സി.പി.എം. ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സും കാപ്പന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടിലാണുള്ളത്. പാലായില്‍ കാപ്പന്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചത് വോട്ട് കച്ചവടം നടത്തിയാണെന്ന ആരോപണത്തില്‍ തന്നെയാണ് ഇപ്പോഴും കേരള കോണ്‍ഗ്രസ്സ് ഉറച്ചു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മുന്നണിയില്‍ എടുക്കരുതെന്നാണ് അവരുടെ ആവശ്യം. യു.ഡി.എഫ് കൂടാരത്തില്‍ പോയി ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് ജയിച്ച് വീണ്ടും കാപ്പന്‍ ഇടതുപക്ഷത്തേക്ക് വരാന്‍ ശ്രമിക്കുന്നത് മന്ത്രിമോഹം മുന്‍ നിര്‍ത്തിയാണെന്നാണ് സി.പി.ഐയും വിലയിരുത്തുന്നത്.
എ.കെ ശശീന്ദ്രന്‍ വിഭാഗം എന്‍.സി.പി നേതാക്കളും കാപ്പനെതിരെ ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാപ്പനെ സ്വീകരിക്കാന്‍ എന്‍.സി.പി ദേശീയ നേതൃത്വം തയ്യാറായാല്‍ പോലും സി.പി.എം അവഗണിക്കും. എന്‍.സി.പിയെ തന്നെ ഇടതുപക്ഷം മുന്നണിയില്‍ നിന്നും പുറത്താക്കിയാലും അത്ഭുതപ്പെടാനില്ല. അതാണ് നിലവിലെ അവസ്ഥ. ഇതിനിടെ ‘പണി’ പാളുമെന്ന് വ്യക്തമായതോടെ കാപ്പനു പകരം കുട്ടനാട്ടില്‍ നിന്നും വിജയിച്ച തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പീതാംബരന്‍ മാസ്റ്റര്‍ വിഭാഗം ഇപ്പോള്‍ ശ്രമിക്കുന്നത്.
മന്ത്രി മോഹം തോമസ് കെ തോമസ് പ്രകടിപ്പിച്ചത് തന്നെ പീതാംബന്‍ മാസ്റ്ററുടെ സാന്നിധ്യത്തിലാണ്. ഈ നീക്കങ്ങളെ ഗൗരവമായി തന്നെയാണ് എ.കെ ശശീന്ദ്രന്‍ വിഭാഗവും വീക്ഷിക്കുന്നത്. മന്ത്രിസ്ഥാനത്തെ ചൊല്ലി വീണ്ടുമൊരു പൊട്ടിത്തെറിയാണ് എന്‍.സി.പിയെ വീണ്ടും കാത്തിരിക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ഗതികേടാണിത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മാണി സി കാപ്പനെ യു.ഡി.എഫ് ക്യാംപില്‍ എത്തിച്ചിരുന്നത്.
കുട്ടനാട് പകരം നല്‍കാമെന്ന ഓഫറും കാപ്പന്‍ നിരസിക്കുകയാണുണ്ടായത്. അന്ന് ആ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എന്‍.സി.പിയുടെ മന്ത്രിയാകുന്നത് യഥാര്‍ത്ഥത്തില്‍ കാപ്പനാകുമായിരുന്നു. പോയ ബുദ്ധിയെ കുറിച്ച് ഓര്‍ത്ത് ഒന്നു പൊട്ടിക്കരയാന്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാപ്പനു കഴിയുകയില്ല. അതാണ് അദ്ദേഹത്തിന്റെ അവസ്ഥ.