ക്രിക്കറ്റില്‍ ഒത്തുകളിയും വാതുവെപ്പും നടത്തുന്ന താരങ്ങളെ തൂക്കിക്കൊല്ലണം: ജാവേദ് മിയാന്ദാദ്

കറാച്ചി: ക്രിക്കറ്റില്‍ ഒത്തുകളിയും വാതുവെപ്പും അഴിമതിയും നടത്തി അവരവരുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന താരങ്ങളെ തൂക്കിക്കൊല്ലണമെന്ന് അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍ ബാറ്റിങ് ഇതിഹാസം ജാവേദ് മിയാന്ദാദ്.

ഒത്തുകളിച്ച് രാജ്യദ്രോഹം ചെയ്യുന്ന താരങ്ങളോട് തനിക്ക് യാതൊരു സഹതാപവുമില്ലെന്ന് മിയാന്ദാദ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചത്.

ഒത്തുകളിയില്‍ പങ്കാളികളായ എല്ലാ താരങ്ങളെയും കഠിനമായിത്തന്നെ ശിക്ഷിക്കണമെന്നും അത് ഒരാളെ കൊല്ലുന്നതിന് തുല്യമായ കുറ്റമാണെന്നും അതുകൊണ്ട് അതിന് സമാനമായ ശിക്ഷ എന്ന നിലക്ക് വധശിക്ഷ തന്നെ അത്തരക്കാര്ക്ക് വിധിക്കണമെന്നും മിയാന്ദാദ് പറഞ്ഞു.

ഈ ശിക്ഷാ രീതി പ്രയോഗിക്കുക വഴി ഭാവിയില്‍ ഒരു താരവും ഒത്തുകളിക്കാന്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്നുംഇത്തരംകാര്യങ്ങള്‍ ഇസ്ലാം മതം പഠിപ്പിക്കുന്ന രീതികള്‍ക്കെതിരാണെന്നും അതിന് തക്കതായ ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കളിക്കാരെ പാകിസ്ഥാന്‍ ടീമിലേക്ക് മടങ്ങാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചക്ക്‌ ടീമിലെ പരിചയ സമ്പന്നനായ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ് തുടക്കമിട്ടിരുന്നു. എന്നാല്‍ അത്തരക്കാരെ ടീമിലെടുക്കാന്‍ മുന്‍കൈ എടുക്കുന്നവര്‍ സ്വയം ലജ്ജിക്കണമെന്നാണ് മിയാന്ദാദിന്റെ അഭിപ്രായം.

ഒത്തുകളിക്കാര്‍ അവരുടെ കുടുംബത്തിനോടും രക്ഷിതാക്കളോടുപോലും ആത്മാര്‍ത്ഥതയില്ലാത്തവരാണെന്നും അവര്‍ ആത്മീയമായും വളരെ നീചന്മാരാണെന്നും അദ്ദേഹം തുറന്നടിച്ചു. 1992ലെ ലോകകപ്പ് വിജയവും മിയാന്ദാദ് ഓര്‍മപ്പെടുത്തി.

Top