തലശ്ശേരി: തോട്ടമാണെന്ന കാര്യം മറച്ചുവെച്ച് അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റം നടത്തിയ കേസില്‍ നിന്ന് എ.പി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ഒഴിവാക്കിയ വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ എ.കെ. ഷാജി.
താന്‍ നല്‍കിയ പരാതിയില്‍ നാലാം പ്രതിയായിരുന്നു കാന്തപുരമെന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ അഭിഭാഷകനുമായി ആലോചിച്ച് അടുത്ത നടപടി കൈക്കൊള്ളുമെന്നും ഷാജി പറഞ്ഞു. അതേസമയം കേസ് വിജിലന്‍സ് കോടതി ഈ മാസം 25ന് പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് കറപ്പത്തോട്ടം കൈമാറ്റത്തില്‍ വന്‍ക്രമക്കേട് നടന്നതായി കാണിച്ച് അന്വേഷണസംഘം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ഒമ്പത് പേരെയാണ് വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുള്ളത്. നിയമപ്രകാരം മിച്ചഭൂമിയാകേണ്ട കറപ്പത്തോട്ടം തോട്ടമല്ലെന്ന് കാണിച്ച് സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തതായാണ് വിജിലന്‍സ് കണ്ടത്തെിയിട്ടുള്ളത്.