കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ നാലാംപ്രതിയായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ എന്തുകൊണ്ടാണ് വിജിലന്‍സ് ഒഴിവാക്കിയതെന്ന് വിജിലന്‍സ് കോടതി.
കാന്തപുരത്തെ ഒഴിവാക്കിയ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സിനോട് കാരണം വ്യക്തമാക്കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വി.ജയറാം. ആവശ്യപ്പെട്ടത്. വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായി വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ശൈലജന്‍ പറഞ്ഞു.
തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുന്നതിന് വിരോധമില്ലെന്നും കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരത്തെ കേസില്‍ പ്രതി ചേര്‍ക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഹര്‍ജിയില്‍ കോടതി ഏഴിന് വിധി പറയും.
അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഇ.നാരായണന്‍ മുഖേന ഇരിട്ടി സ്വദേശിയായ എ.കെ ഷാജിയാണ് ഹര്‍ജി നല്‍കിയത്. കറപ്പതോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളേജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും. എന്നാല്‍ തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവായി. പരാതിയില്‍ കാന്തപുരം ഇല്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ പരാതിക്കാരന്‍ ഇത് നിഷേധിച്ചു. കേസില്‍ നാലാമത്തെ എതിര്‍ കക്ഷിയാണ് കാന്തപുരമെന്നും അതിലൊരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.