കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് പി മോഹനന്‍

കോഴിക്കോട്: കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം സുപ്രീംകോടതിയില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന്‍ വ്യക്തമാക്കി.

കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്. കൊടുവള്ളി സ്വദേശികളായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

അതേ സമയം കാരാട്ട് റസാഖിന്റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല.

Top