karayi rajan , kanoor panchayath

കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

രാജിക്കത്ത് കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് കൈമാറി. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജന്‍ ഒഴിയാന്‍ തീരുമാനിച്ചത്. അതേസമയം, ചന്ദ്രശേഖരന്‍ തലശേരി അദ്ധ്യക്ഷ സ്ഥാനത്ത് തുടരും.

കോടതി വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഇരുവരെയും തത്സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. കാരായിമാര്‍ തുടരുന്നത് രാഷ്ട്രീയപരമായും സംഘടനാപരമായും ദോഷം ചെയ്യുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.

മാത്രമല്ല, വിഷയം യു.ഡി.എഫ് രാഷ്ട്രീയ ആയുധവുമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഇരുവരും ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു.

ഈ സാഹചര്യത്തില്‍ രാജി നീണ്ടുപോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍, കാരായി രാജനെ മാത്രം രാജിവയ്പ്പിച്ച് തല്‍ക്കാലം രാഷ്ട്രീയ എതിരാളികളുടെ നാവടക്കുക എന്ന തന്ത്രമാണ് സി.പി.എം ഇപ്പോള്‍ പ്രയോഗിക്കുന്നത്. എന്നാല്‍, ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം.

Top