ഇന്ത്യയുടെ സുരക്ഷ ആര്‍ക്കും പിടിച്ചടക്കാന്‍ കഴിയാത്തതാണ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങിക്കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സുരക്ഷ ആര്‍ക്കും പിടിച്ചടക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ വിജയത്തിന്റെ 20ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ ശക്തിയുടേയും നിശ്ചയദാര്‍ഡ്യത്തിന്റെയും കഴിവിന്റെയും പ്രതീകമാണ് കാര്‍ഗില്‍ വിജയം. യുദ്ധം ചെയ്തത് സര്‍ക്കാര്‍ മാത്രമായിരുന്നില്ല, രാജ്യം മുഴുവനുമായിരുന്നു. കാര്‍ഗില്‍ വിജയം എല്ലാ ഇന്ത്യക്കാരുടേതുമാണ്. കാര്‍ഗിലിന്റെ കൊടുമുടിയില്‍നിന്ന് ത്രിവര്‍ണ പതാകയെ നീക്കാനുള്ള ശ്രമം തങ്ങളുടെ രക്തംകൊണ്ട് ചെറുത്ത് തോല്‍പ്പിച്ച ധീരരായ സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായും മോദി പറഞ്ഞു.

യുദ്ധത്തില്‍ പരാജയപ്പെട്ടവര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിഴല്‍ യുദ്ധത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സ്വഭാവം മാറി, ഇന്ന് ലോകം നിഴല്‍ യുദ്ധത്തിന്റെ ഇരയാണ്, ഭീകരവാദം മുഴുവന്‍ മനുഷ്യരേയും വെല്ലുവിളിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യുദ്ധങ്ങള്‍ ബഹിരാകാശത്ത് വരെ എത്തിയിരിക്കുന്നു. സൈബര്‍ ലോകത്ത് പോലും യുദ്ധങ്ങള്‍ നടക്കുന്നു. അതിനാല്‍, പ്രതിരോധ സേനയുടെ ആധുനികവല്‍ക്കരണം ആവശ്യകത മാത്രമല്ല, നമ്മുടെ മുന്‍ഗണനയും കൂടിയാണ്. ആധുനികവല്‍ക്കരണം നമ്മുടെ പ്രതിരോധ സേനയുടെ സവിശേഷതയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top