കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റില്‍

ഗുവാഹട്ടി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികനെ അനധികൃത കുടിയേറ്റ കുറ്റത്തിന് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് സനോല്ല എന്ന റിട്ടയേര്‍ഡ് ഓണററി ലഫ്റ്റനന്റിനെയാണ് അറസ്റ്റ് ചെയ്തത്.

വിദേശിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോറിനേര്‍സ് ട്രൈബ്യൂണല്‍ സനോല്ലയെ അറസ്റ്റ് ചെയ്തത്. 30 വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം അതിനു ശേഷം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.

മുഹമ്മദ് സനോല്ലയെ കൂടാതെ ആറോളം മുന്‍ സൈനികര്‍ക്ക് ഫോറിനേര്‍സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. ട്രൈബ്യൂണലില്‍ അഞ്ച് തവണ വാദപ്രതിവാദത്തിന് സനോല്ല ഹാജരായിരുന്നു.

1987 ല്‍ 20-ാം വയസിലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. 2017 ല്‍ വിരമിച്ച ശേഷം ആസാം ബോര്‍ഡര്‍ പൊലീസില്‍ അംഗമായി. 2019 ല്‍ അനധികൃത കുടിയേറ്റക്കാരനാണെന്ന കാരണത്തില്‍ അറസ്റ്റിലുമായി.

അതേസമയം തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സനോല്ല ഗോഹാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയിലാണ്.

Top