നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ‘കരിക്കി’ന്റെ പുതിയ മിനി സിരീസ് ആയ ‘റിപ്പറി’ന്റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണം. നെറ്റ്ഫ്‌ളിക്‌സുമായുള്ള കരിക്കിന്റെ ആദ്യ സഹകരണമാണ് ഇത്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറുകള്‍ക്കകം ഒരു മില്യണ്‍ കാഴ്ചകള്‍ ലഭിച്ച എപ്പിസോഡിന്റെ നിലവിലെ വ്യൂവര്‍ഷിപ്പ് 1.6 മില്യണ്‍ കടന്നിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നതു പോലെ ഒരു റിപ്പറിനെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് നിഖില്‍ പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിനി സിരീസ്. കരിക്കിന്റെ ഏത് ജോണര്‍ കണ്ടന്റും പോലെ ഇവിടെയും ഭീതിക്കൊപ്പം നര്‍മ്മവും കടന്നുവരുന്നുണ്ട്.
കൊച്ചി നഗരത്തില്‍ റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ തുടരുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം യുവാക്കളായ സുഹൃത്തുക്കളുടെ ഒരു വൈകുന്നേരമാണ് മിനി സിരീസിന്റെ ആദ്യ എപ്പിസോഡില്‍ ഉള്ളത്.
കരിക്കിന്റെ പ്രധാന മുഖങ്ങളായ അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത്, ഉണ്ണി മാത്യൂസ് എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയന്‍. എഡിറ്റിംഗ് ആനന്ദ് മാത്യൂസ്. നെറ്റ്ഫ്‌ളിക്‌സിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ട, ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം ‘ഇരുളി’നെക്കുറിച്ചുള്ള റെഫറന്‍സും മിനി സിരീസ് എപ്പിസോഡില്‍ കടന്നുവരുന്നുണ്ട്.