കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്. വിമാനം എങ്ങനെ അപകടത്തില്‍ പെട്ടുവെന്ന് കണ്ടെത്താന്‍ ഇതിലെ വിവരങ്ങള്‍ അന്വേഷണ സംഘത്തെ സഹായിക്കും.
അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്.
രണ്ടുതവണ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.
അതേസമയം അപകടത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാള്‍ കരിപ്പൂരില്‍ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 5 പേര്‍ മരിച്ചു.
രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗര്‍ഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.