കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇന്ന് ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ സാമൂഹികാഘാത പഠനമാണ് ഇന്ന് തുടങ്ങുക. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങളെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
കൊണ്ടോട്ടി നഗരസഭാ പരിധിയിലും, പള്ളിക്കൽ പഞ്ചായത്തിലുമായി പതിനാലര ഏക്കർ ഭൂമിയാണ് കരിപ്പൂർ റൺവേ വികസനത്തിനായി ഇനി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികൾ സംഘടിച്ചു. സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തിയതിന് ശേഷമേ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാവൂ എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്നാണ് സാമൂഹികാഘാത പഠനമുൾപ്പെടെ നടത്താനുള്ള സർക്കാർ തീരുമാനം. മൂന്ന് മാസത്തിനകം സാമൂഹികാഘാത പഠനവും, പ്രത്യേക എക്സ്പേർട്ട് സമിതി പരിശോധനയും നടത്തും. ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
ഭൂമി ഏറ്റെടുക്കൽ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. നഷ്ടപരിഹാരം ഉൾപ്പെടെ സംസ്ഥാന സർക്കാർ തന്നെ ഭൂവുടമകൾക്ക് നേരിട്ട് കൈമാറും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി തുടർ പ്രവർത്തികൾക്കായി സിവിൽ ഏവിയേഷൻ ഡിപാർട്ട്മെൻ്റിന് കൈമാറും. നിലവിലെ നടപടികൾക്ക് ജനങ്ങളുടെ സഹകരണമുണ്ടെന്നും മന്ത്രി പറഞ്ഞു.