കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്.
സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതം വയ്പ്പിനെക്കുറിച്ച് പറയുന്നത്.
കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ സ്വര്‍ണം പൊട്ടിക്കാന്‍ ഏല്‍പ്പിച്ച ആള്‍ക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്. സ്വര്‍ണക്കടത്തില്‍ ഇടപെടുന്നത് പാര്‍ട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതില്‍ ഇടപെടുന്നത് എന്ന് പറയുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം മൂന്നായി പങ്കുവെയ്ക്കും. അതില്‍ ഒരുപങ്ക് ഇവര്‍ക്കാണ്.