കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. സ്വര്‍ണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുമ്പായി ഷാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം. കൊടി സുനിയുമായും ഷാഫിയുമായും അര്‍ജുന്‍ ആയങ്കിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിലൂടെ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലാണ് കസ്റ്റംസ് ആദ്യം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കാറ് ഒളിപ്പിച്ച സ്ഥലത്തും പരിശോധന നടത്തി.

കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണ്ണം പൊട്ടിക്കുന്നതിന് സഹായിച്ചുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

Top