കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്

കൊച്ചി: കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ജുന്‍ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.

ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദിവസം ഷാഫിയേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.

അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്.

 

Top