കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. ഉടന്‍ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം വഴി പ്രതികള്‍ സ്വര്‍ണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന്‍ (31) കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാന്‍. സ്വര്‍ണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സൂഫിയാന്റെ കീഴടങ്ങലിന് മുന്‍പേ സൂഫിയാന്റെ സഹോദരന്‍ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങല്‍.