ചതിച്ചതും മഴ . . . രക്ഷിച്ചതും മഴ ! കോവിഡ് വ്യാപന ഭീഷണിയും ശക്തം

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാന അപകടം നാട്ടില്‍ പടര്‍ത്തുന്നത് വലിയ ആശങ്ക.കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടവരാണ് വിമാനത്തിലുണ്ടായിരുന്നത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകേണ്ടവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ട ദയനീയ സാഹചര്യമാണ് കരിപ്പൂരിലുണ്ടായത്. പിടയുന്ന ശരീരങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈറസ് ഭീഷണിയെ അതിജീവിച്ചാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്നത് ക്വാറന്റൈനില്‍ പോകേണ്ടവരാണ് എന്ന് മനസ്സിലാക്കി തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനം. കിട്ടിയ വാഹനങ്ങളില്‍ ഭൂരിപക്ഷം യാത്രക്കാരെയും ആശുപത്രിയിലെത്തിച്ചത് ചെറുപ്പക്കാരായ നാട്ടുകാരായിരുന്നു. ഇവര്‍ക്കാണ് നാട് ആദ്യം വലിയ സല്യൂട്ട് നല്‍കേണ്ടത്.

ഇതിനകം തന്നെ 19 പേര്‍ മരിച്ചു കഴിഞ്ഞു. ഇതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റനും ഉള്‍പ്പെടും. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണുള്ളത്. 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കനത്ത മഴയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടിയോളം താഴ്ചയിലേക്ക് പതിക്കാന്‍ കാരണമായത്. രണ്ടായി പിളര്‍ന്ന വിമാനത്തിന് തീപിടിച്ച് പൊട്ടിതെറിക്കാതിരിക്കാന്‍ രക്ഷയായതും മഴയാണ് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് യാത്രക്കാരുമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ഥിച്ചു. പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി.

വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിലൂടെയും അപകടത്തില്‍പ്പെട്ട വിമാനം പതിച്ച വിമാനത്താവളത്തിന്റെ പിന്‍ഭാഗത്തുകൂടെയും ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് കൊണ്ടുപോയത്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ കോവിഡിന്റെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ മാത്രമല്ല, സംഭവസ്ഥലത്ത് തടിച്ച് കൂടിയ ജനങ്ങളും വൈറസ് ഭീഷണി അവഗണിച്ചാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയുണ്ടെങ്കിലും അനിവാര്യമായ രക്ഷാപ്രവര്‍ത്തനം എന്നാണ് അവരുടെയും പ്രതികരണം.

ഇനിയെങ്കിലും കോവിഡ് ഭീഷണി മുന്നില്‍ കണ്ട് കരിപ്പൂരില്‍ എത്തിയ മുഴുവന്‍ പേരും, അവരുമായി ഇടപെട്ടവരും മുന്‍ കരുതല്‍ സ്വീകരിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെയും നിര്‍മാണം. അതിനാല്‍ത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. പത്ത് വര്‍ഷം മുന്‍പ് മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകര്‍ന്ന് അപകടമുണ്ടായത്. 2010 മേയ് 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്. അന്ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്കു വന്ന എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് 812 ആണ് തകര്‍ന്നത്

കരിപ്പൂര്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2719493. വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള മറ്റൊരു ഹെല്‍പ് ലൈന്‍ നമ്പര്‍: 0495 2376901.
യാത്രക്കാര്‍ ചികിത്സയിലുള്ള വിവിധ ആശുപത്രികളുടെ നമ്പറുകള്‍:
കോഴിക്കോട് ബീച്ച് ആശുപത്രി 9846042881, 8547616019
മൈത്ര ആശുപത്രി 9446344326, 9496042881
കോഴിക്കോട് മിംസ് 9447636145, 9846338846
കോഴിക്കോട് മെഡിക്കല്‍ കോളജ് 8547616121
ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്. നമ്പറുകള്‍: 0565463903, 0543090572, 0543090575.
ഷാര്‍ജ ഹെല്‍പ് ലൈന്‍ നമ്പര്‍: 0097165970303
എയര്‍ ഇന്ത്യ ഹെല്‍പ് ലൈന്‍ 06 597 0303 (നാല് ലൈനുകള്‍). യാത്രക്കാരുടെ പേര് നല്‍കിയാല്‍ അവരേക്കുറിച്ച് അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ കൈമാറുന്നതാണ്.

Staff Reporter

Top