കരിപ്പൂര്‍ വിമാന ദുരന്തം; കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുള്ളത് 115 പേര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 115 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ടെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 14 പേരുടെ നില അതീവ ഗുരുതരമാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 57പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നും കളക്ടര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അപകടത്തില്‍പ്പെട്ട വിമാനം ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായി പരിശോധന നടത്തി. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി.

കരിപ്പൂരില്‍ റണ്‍വേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്തിലെ ലഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോ-ഓര്‍ഡിനേറ്ററുടെ 9567273484 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മലപ്പുറം എസ്പി അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച കിട്ടുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ വ്യക്തമാക്കി.

വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി ഇതുവരെ സൂചനകളിലെന്നാണ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ ഇഎന്‍എഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാന അപകടത്തെക്കുറിച്ച് എയര്‍പോര്‍ട്ട് ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് , കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഡല്‍ഹിയില്‍ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാന്‍ സമയം എടുക്കും. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കും. എയര്‍ ഇന്ത്യ അന്വേഷണത്തിന് എല്ലാ സഹകരണവും നല്കുന്നുണ്ടെന്ന് ചെയര്‍മാന്‍ രാജീവ് ബനസല്‍ വ്യക്തമാക്കി. റണ്‍വേയില്‍ 3000 അടി മുന്നോട്ട് നീങ്ങി ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നാണ് പ്രധാന പരിശോധന.

Top