കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് കേരളത്തിനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടമുണ്ടായത്.

പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേര്‍ സംഭവദിവസം മരിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാരുമായാണ് വിമാനം എത്തിയത്.

രാത്രി 7.45ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളരുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്നയാള്‍ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു.

Top