കര്‍ക്കിടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങൾ പൂർണസജ്ജമാണെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പരമാവധി പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

ബലിതർപ്പണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശംഖുമുഖം തീരത്തും നെയ്യാറ്റിൻകര താലൂക്കിന്റെ തീരദേശപ്രദേശങ്ങളിലെ ബലിതർപ്പണ കേന്ദ്രങ്ങളായ പൂവാർ-പൊഴിക്കര കടൽത്തീരം, മുല്ലൂർ കടൽത്തീരം, ആഴിമല ശിവക്ഷേത്രം-ചൊവ്വര കടൽത്തീരം, മുല്ലൂർ തോട്ടം ശ്രീ.നാഗർ ഭഗവതി ക്ഷേത്രം-കരിക്കത്തി കടൽത്തീരം എന്നിവിടങ്ങളിലും ഇത്തവണ ബലിതർപ്പണമില്ല. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കൺട്രോൾ റൂമുകളുണ്ടാകും. അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകളും നിർദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോർഡ് ബലിതർപ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ആഴം കൂടുതലുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പു ബോർഡുകളുമുണ്ട്. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് ബലിതർപ്പണമെന്നും കളക്ടർ പറഞ്ഞു.

ബലിതർപ്പണത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷാ ചുമതലക്കായി കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വാഹന പാർക്കിംഗിന് വേണ്ടി പ്രത്യേകം സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഗാർഡുകളുടെയും സ്‌കൂബാ ഡൈവർമാരുടെയും സേവനവുമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പന്തൽ, പ്രകാശ സജ്ജീകരണങ്ങൾ, കുടിവെള്ളവിതരണം, സിസിടിവി സുരക്ഷ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ സംഘവും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും. വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതൽ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽ മദ്യനിരോധനനും ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിനെത്തുന്നവർ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Top