ഇന്ന് കര്‍ക്കിടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

കൊച്ചി: ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളിലും ക്ഷേത്രങ്ങളിലും ഇന്നു മുതല്‍ രാമായണശീലുകള്‍ നിറയും.ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ചികിത്സയും കര്‍ക്കിടക മാസത്തിലാണ് നടത്തുന്നത്. പഞ്ഞമാസമെന്ന വിശേഷണമാണ് കര്‍ക്കിടകത്തിന് പുരാണങ്ങള്‍ നല്‍കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ദാരിദ്ര്യത്തിന്റെ ആഴമളക്കല്‍ കൂടി കര്‍ക്കിടകം നടത്തുന്നു. കാലവര്‍ഷത്തിന്റെ വികൃതികള്‍ കര്‍ക്കിടകത്തെ ചുറ്റുമ്പോള്‍ വറുതികളുടെ കാലം മാടിവിളിക്കപ്പെടുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് ജീവിച്ചു പോന്ന മാസം.

പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കിടകം ‘രാമായണമാസം’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മനസിന്റെ പ്രശാന്തതയ്ക്കും ആത്മനവീകരണത്തിനും മാര്‍ഗ്ഗമായാണ് രാമായണ പാരായണം നിര്‍ദേശിക്കപ്പെടുന്നത്. ക്ലേശങ്ങള്‍ നിറഞ്ഞ കര്‍ക്കടകത്തില്‍ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാര്‍ പറയുന്നു.

Top